കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ പ്രേരണക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി പിപി ദിവ്യയുടെ ജാമ്യഹർജിയിൽ ഉത്തരവ് ഇന്ന്. അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും, ജാമ്യം നൽകണമെന്നുമുള്ള ദിവ്യയുടെ വാദത്തിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി നിസാർ അഹമ്മദാണ് ഉത്തരവ് പറയുക.
എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.
ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും എതിർത്തു. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.
ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടികളെടുത്തതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധിയെത്തുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ തരംതാഴ്ത്തുന്നതായിരുന്നു പാര്‍ടി നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.