കൊല്ലം :നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ നിബന്ധന പ്രകാരമുളള സ്ഥലം ലഭ്യമാക്കിയാല്‍ ആശ്രാമം ഇ.എസ്.ഐ മോഡല്‍ & സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി
മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ കഴിയുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഇഎസ്ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ സിംഗ് ഐ.എ.എസ് ന്‍റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം ആശ്രാമം ആശുപത്രിയും ഇ.എസ്.ഐ യുടെ സ്ഥല സന്ദര്‍ശനവും ഉന്നതതല യോഗവും നടത്തിയതിനു ശേഷമാണ് വിവരം അറിയിച്ചത്. കഴിഞ്ഞ മാസം ചേര്‍ന്ന ഇഎസ്ഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ആശ്രാമത്ത് ഇഎസ്ഐ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുളള സാധ്യത പരിശോധിക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ജനറലിന്‍റെ നേതൃത്വതത്തിലുളള ഉന്നതതല ഉദ്യോഗസ്ഥര്‍ ആശ്രാമം ഇ.എസ്.ഐ ആശുപത്രി സന്ദര്‍ശിച്ചത്. മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ തരത്തിലുളള ആശുപത്രിയുടെ നിലവാരത്തിലേയ്ക്ക് ആശ്രാമം ഇ.എസ്.ഐ ആശുപത്രി ഉയര്‍ത്തുന്നതിനുളള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കും. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുളള അടിസ്ഥാന സൗകര്യ വികസനവും ഉപകരണങ്ങള്‍ സ്ഥാപിക്കലും മാനവവിഭവ ശേഷി വര്‍ദ്ധിപ്പിക്കലും മുന്‍ഗണന നല്‍കി നടപ്പാക്കും. നിലവിലെ ആശുപത്രിയുടെ പ്രവര്‍ത്തനം യോഗം വിശദമായി ചര്‍ച്ച ചെയ്തു.
ഇ.എസ്.ഐ യില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികളെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുമ്പോള്‍ ഇ.എസ്.ഐ ആശ്രാമം ആശുപത്രിയില്‍ രോഗികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പ്രത്യേക പരിഗണനയും ലഭ്യമാക്കുന്ന വിധം റഫറല്‍ നയം പുനപരിശോധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. വിദഗദ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് നിലവില്‍ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം.
കാര്‍ഡിയോളജി വിഭാഗം പൂര്‍ണ്ണമായ തോതില്‍ കാത്ലാബ് സൗകര്യമുള്‍പ്പെടെ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ഇ.എസ്.ഐ തന്നെ നേരിട്ട് നടത്തുന്ന തരത്തില്‍ സംവിധാനങ്ങളും ഡോക്ടര്‍മാരുടെ സേവനവും സജ്ജമാക്കുവാനുളള നടപടികള്‍ ത്വരിതപ്പെടുത്തും. കാര്‍ഡിയോളജി ഒ.പി യുടെ സമയക്രമം വര്‍ദ്ധിപ്പിക്കും. ഘട്ടംഘട്ടമായി കാര്‍ഡിയോളജി വിഭാഗം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ന്യുറോളജി വിഭാഗത്തിലെ സൂപ്പര്‍ സെപ്ഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തുവാന്‍ നടപടികള്‍ വേഗത്തിലാക്കും. കാര്‍ഡിയോളജി വിഭാഗം പൂര്‍ണ്ണമായി ആരംഭിച്ചു കഴിഞ്ഞാല്‍ ന്യുറോളജി വിഭാഗവും എല്ലാവിധ സൗകര്യങ്ങളോടും കൂടി ശാക്തീകരിക്കണമെന്ന എം.പി യുടെ നിര്‍ദ്ദേശവും ഡയറക്ടര്‍ ജനറല്‍ സ്വാഗതം ചെയ്തു.
ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ കഴിയാത്തതിന് കാരണം ദശാബ്ദങ്ങളായി ഇ.എസ്.ഐ യുടെ കൈവശം ഇരിക്കുന്ന ഹോസ്പിറ്റല്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ഭൂമി സംബന്ധമായ രേഖകള്‍ ക്രമപ്പെടുത്തി നല്‍കുവാന്‍ റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാകാത്തതു കൊണ്ടാണ്. റവന്യു ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാരുടെയും തസ്തികകളില്‍ താല്‍കാലിക നിയമനം ഒഴിവാക്കി സ്ഥിരം ഡോക്ടര്‍മാരെയും ഇതര ജീവനക്കാരെയും നിയമിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തും. കൂടുതല്‍ മാനവവിഭവ ശേഷി അനുവദിച്ച് ആശുപത്രിയുടെ വികസനം ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ ധാരണയായി.
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ ആവശ്യപ്രകാരം നടത്തിയ ഉന്നതതല സംഘത്തിന്‍റെ പരിശോധനയിലും ഉന്നതതല യോഗത്തിലും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടന്‍റ് ഡോ: എല്‍. ധനശേഖരന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടന്‍റ് ഡോ: ബി. സുമാദേവി, ഡെപ്യുട്ടി ഡയറക്ടര്‍ പി. ആന്‍റണി രാജന്‍, എച്ച്.റ്റി. ജോണ്‍, ഡോ: അഭിലാഷ് വി.ബി, ഡോ: തനിഗൈനത്ത്.വി (എസ്.എ.ജി), ഡോ: ധന്യ.എല്‍, ഡോ: ഇന്ദു രാമാനുജന്‍, ഡോ: കുര്യന്‍ പി ചാക്കോ, ഇ.എസ്.ഐ.സി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) ഉപേന്ദ്ര റേസു, സി.പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) ദുരൈ ബെന്‍ഗോ, സി.പി.ഡബ്ല്യു.ഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (സിവില്‍) അമീര്‍ ഖാന്‍, സി.പി.ഡബ്ല്യു.ഡി ആര്‍ക്കിടെക് ജെം ജോര്‍ജ്ജ് ജേക്കബ്, നവനീത്, ദിനേഷ് കെ. മീന, ശ്രീനിവാസന്‍, ദിനേഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.