തിരുവനന്തപുരം: കരുനാഗപ്പള്ളിക്ക് പിന്നാലെ തിരുവനന്തപുരം സിപിഎമ്മിലും വിഭാഗീയത.
മംഗലപുരം ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് വിഭാഗീയത മറനീക്കി പുറത്തുവന്നത്.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയുടെ ഏകാധിപത്യ മനോഭാവത്തിൽ പ്രതിഷേധിച്ച് ഏരിയ കമ്മിറ്റി യോഗത്തിൽ നിന്ന് ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. തുടർന്ന് എം ജലീലിനെ മംഗലാപുരം ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി മധു മുല്ലശ്ശേരി രംഗത്തെത്തി. ഏരിയ കമ്മിറ്റിയെ തകർക്കാൻ മംഗലപുരത്തെ പാർട്ടിയും ജില്ല സെക്രട്ടറിയും ശ്രമിക്കുന്നുവെന്നും, ഏരിയ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് ജോയിയുടെ പ്രവർത്തികളെന്നും അദ്ദേഹം പറഞ്ഞു.
വി. ജോയി സെക്രട്ടറിയായി തുടരുന്നിടത്തോളം ഏരിയ കമ്മിറ്റിയിൽ ഇരിക്കാൻ സാധിക്കില്ല. തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതായി മധു മുല്ലശ്ശേരി പറഞ്ഞു.
മധു പാർട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്തു നിൽക്കുന്നവർ നൽകുന്ന വിവരം.
അതേസമയം തിരുവല്ലയിൽ വിഭാഗീയത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന കാരണത്താൽ
ലോക്കൽ സെക്രട്ടറി കെ കെ കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജനോ മാത്യുവിന് താൽക്കാലിക ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല നൽകി.
Next Post