കൈക്കൂലി: കോർപ്പറേഷനിലെ 3 ആരോഗ്യ വിഭാഗം ജീവനക്കാർ വിജിലൻസ് പിടിയിൽ.

കൊച്ചി : കൈക്കൂലിക്കേസിൽ കൊച്ചിൻ കോർപ്പറേഷനിലെ 3 ആരോഗ്യ വിഭാഗം ജീവനക്കാർ വിജിലൻസ് പിടിയിൽ.
പള്ളുരുത്തി സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ മധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ എന്നിവരാണ് 10,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായത്.
പരാതിക്കാരൻ പുതുതായി തുടങ്ങുന്ന മൊബൈൽ ആക്സസറീസ് ഹോൾസെയിൽ ഷോപ്പിന്റെ ലൈസൻസിനായി കോർപ്പറേഷൻ പള്ളുരുത്തി സർക്കിളിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് പള്ളുരുത്തി സർക്കിൾ, ഹെൽത്ത് ഇൻസ്പെക്ടർ മധുവിനെ നേരിൽ കണ്ടപ്പോൾ അപേക്ഷ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിനുവിന്റെ കൈവശമാണെന്ന് പറഞ്ഞു. അതിനുശേഷം കണ്ടിജന്റ് വർക്കറായ ജോൺ സേവ്യർ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഷോപ്പ് പരിശോധിക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ഷിനുവും ജോണുമായി ഷോപ്പ് പരിശോധിച്ച ശേഷം റൂം വ്യത്യാസം വരുത്തണമെന്നും അല്ലങ്കിൽ വെള്ളിയാഴ്ച 50,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചത്.