തൃശൂർ:തൃശൂരിലെ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലിയായി വാങ്ങിച്ച വിലകൂടിയ മദ്യക്കുപ്പികളും പണവും പിടികൂടി. എക്സൈസ് സർക്കിൾ ഓഫീസിൽ ബാറുടമകളിൽ നിന്നും കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള വിജിലൻസ് സംഘം ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ കൈക്കൂലിയായി ലഭിച്ച 7,4820 രൂപയും 12 കുപ്പി വിദേശമദ്യവും കണ്ടെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാറിന്റെ കയ്യിൽ നിന്നും കണക്കിൽപ്പെടാത്ത 3,2820 രൂപയും എക്സൈസ് ഓഫിന്റെ പരിസരത്തു പാർക്ക് ചെയ്തിരുന്ന എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിന്റെ മുൻ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിൽ 4,2000 രൂപയും വാഹനത്തിന്റെ പിൻ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിൽ സൂക്ഷിച്ചിരുന്ന 12 കുപ്പി വിദേശമദ്യവും വിജിലൻസ് പിടിച്ചെടുത്തു.
പണവും മദ്യക്കുപ്പികളും ക്രിസ്മസിനോടനുബന്ധിച്ച് വിവിധ ബാറുകളിലിൽനിന്നും കൈക്കൂലിയായി വാങ്ങിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വെളിവായിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു