തിരുവനന്തപുരം നഗരത്തിൽ ജനുവരി 7 മുതൽ 13 വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നഗരത്തിൽ ഗതാഗത നിയന്ത്രണം. കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

ആശാൻ സ്ക്വയർ മുതൽ സ്റ്റേഡിയം ഫ്ലൈ ഓവർ വരെയും സ്റ്റേഡിയം ഫ്ലൈ ഓവർ മുതൽ നിയമസഭയ്ക്ക് മുൻവശം വരെയും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.

പുസ്തകോത്സവത്തോടനുബന്ധിച്ച് സന്ദർശകരുമായി വരുന്ന ചെറിയ വാഹനങ്ങൾ സംസ്കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ട് യൂണിവേഴ്സിറ്റി ക്യാമ്പസ് പാർക്കിംഗ് ഏരിയയിലും പിഎംജി മുതൽ ലോ കോളേജ് വരെയുള്ള റോഡിന്റെ ഒരു വശവും പാർക്ക് ചെയ്യേണ്ടതാണ്.

ചെറിയ വാഹനങ്ങൾ വൈകുന്നേരം 5 മണി മുതൽ ഹനുമാൻ ക്ഷേത്രത്തിന് സമീപമുള്ള വികാസ് ഭവൻ റോഡിലും രാത്രി 8 മണി മുതൽ ജിവി രാജ മുതൽ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് വരെയുള്ള ഭാഗത്തും പാർക്ക് ചെയ്യേണ്ടതാണ്. വലിയ വാഹനങ്ങൾ സന്ദർശകരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്രപാർക്കിംഗ് ഗ്രൗണ്ടിലോ പൂജപ്പുര ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.

പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാന റോഡുകളിലോ ഇടറോഡുകളിലോ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് അറിയിച്ചു.