രാഷ്ട്രീയ കേരളത്തിൽ മറ്റൊരു ഉപതിരഞ്ഞെടുപ്പ്; എംഎൽഎ സ്ഥാനം രാജിവച്ച് പി വി അൻവർ

തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി വി അൻവർ നിയമസഭാംഗത്വം രാജി വച്ചു .  രാജിക്കത്ത് സ്പീക്കർക്ക് കൈമാറി.നേരത്തെ ഈമെയിൽ വഴി രാജിക്കത്ത് സമർപ്പിച്ചിരുന്നു. നേരിട്ട് എത്തി രാജിക്കത്ത് നൽകണം എന്നുള്ള നിയമം ഉള്ളതിനാലാണ് സ്പീക്കറെ നേരിൽകണ്ട് രാജി കൈമാറിതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ ബോർഡ് മറച്ച വാഹനത്തിൽ ആണ് സ്പീക്കറെ കാണാൻ എത്തിയത്. തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ പി വി അൻവറിന്റെ പാർട്ടിയായ ഡിഎംകെ തീരുമാനത്തിലെത്തിയിരുന്നു. മമതാ ബാനർജി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിവച്ചതെന്നും പി വി അൻവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയിൽ ആയിരിക്കും പി വി അൻവർ  പ്രവർത്തിക്കുക.
സിപിഎമ്മിന്റെ പിന്തുണയോടെ നിലമ്പൂർ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ  വിജയിച്ച് നിയമസഭയിൽ എത്തിയ പി വി അൻവർ കഴിഞ്ഞ കുറച്ചു നാളുകളായി പിണറായി വിജയൻ പി ശശി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് സിപിഎം പി വി അൻവറിനെ തള്ളിയതോടെയാണ്  സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വന്തം പാർട്ടി രൂപീകരിച്ചത്.
കഴിഞ്ഞദിവസം നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജാമ്യമില്ല വകുപ്പു ചുമത്തി പി വി 12 മണിക്കൂറിന് ശേഷം  മുൻകൂർ ജാമ്യം നേടിയാണ് ജയിൽ മോചിതനായത്.