ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെത്തി ; പ്രതിഷേധവുമായി ഒരു വിഭാഗം

തിരുവനന്തപുരം : ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാൻ ഉദ്യോഗസ്ഥർ സമാധി സ്ഥലത്തെത്തി. കളക്ടറുടെ അനുമതി നൽകിയതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സമാധിസ്ഥലത്ത് എത്തിയത്.
സബ് കളക്ടർ വിൽഫ്രഡിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥർ സമാധി പൊളിച്ച് മൃതശരീരം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനു വേണ്ടി കളക്ടറുടെ അനുമതിക്കായി കത്ത് നൽകിയിരുന്നു.

ബന്ധുക്കളെയോ നാട്ടുകാരെയോ വാര്‍ഡ് അംഗത്തേയോ പോലും അറിയിക്കാതെ രണ്ടു മക്കളും ചേര്‍ന്ന് സാമാധിയെന്ന് വരുത്തിത്തീര്‍ത്ത് മണ്ഡപം കെട്ടി പീഠത്തിലിരുത്തി സ്ലാബിട്ട് മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച്  പ്രദേശവാസികൾ നെയ്യാറ്റിൻകര പോലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

മക്കളുടെ മൊഴിയിൽ വൈരുദ്ധ്യത ഉണ്ടായതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കല്ലറ പൊളിച്ച് പോസ്റ്റുമോർട്ടം നടത്തണമെന്ന തീരുമാനത്തിലേക്ക് എത്തിയത്.വീട്ടിൽ വച്ചാണ് അച്ഛൻ മരിച്ചതെന്നാണ് മൂത്തമകൻ മൊഴി നൽകിയത്. എന്നാൽ സമാധിയായ സ്ഥലത്ത് വച്ചാണ് അച്ഛൻ മരണപ്പെട്ടതുമെന്നുമാണ് ഇളയ മകൻ പോലീസിന് നൽകിയ മൊഴി .
മരണ വിവരം ഡോക്ടറെ അറിയിക്കാത്തതും സമീപവാസികളെ അറിയിക്കാത്തതിലും ദുരൂഹത ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
വർഷങ്ങളായി സന്യാസ ജീവിതം നയിച്ചുവരികയായിരുന്ന ഗോപൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ സമാധിയാകുമെന്ന്  പ്രദേശവാസികളോടും കുടുംബത്തോടും പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, പിതാവിന്റെ ആഗ്രഹപ്രകാരമാണ് ആരെയും അറിയിക്കാതെ ഇത് ചെയ്‌തതെന്നാണ്‌ മകൻ രാജസേനൻ പറയുന്നത്. വളരെ ഊര്‍ജസ്വലനായി ഇരുന്നാണ് അച്ഛന്‍ സമാധിയായത്. ആ സമയം അദ്ദേഹത്തിന്റെ ശരീരത്തിന് അദ്ഭുതാവഹമായ തേജസുണ്ടായിരുന്നു.സമാധി ചെയ്യുന്നത് ആരും കാണാന്‍ പാടില്ല. അച്ഛന്‍ തന്നെയാണ് അതിനെക്കുറിച്ചൊക്കെ പറഞ്ഞുതന്നിട്ടുള്ളതെന്നും രാജസേനൻ പറയുന്നു.