തിരുവനന്തപുരം: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്ത വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും 4,000 രൂപ കൈക്കൂലി വാങ്ങിയതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുത്തു.
റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി കൈവശം വച്ചതിന് തമ്പാനൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വെസ്റ്റ് ബംഗാൾ സ്വദേശിയായ ജുയെൽ ദാസിനെ അറസ്റ്റ് ചെയ്തിരുന്നു.
സിജെഎം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടുപോകുന്നതിന് നിയോഗിച്ചിരുന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വിപിനും കോൺസ്റ്റബിളായ പ്രവീൺ രാജും പ്രതിയെ കൊണ്ട് പോകുന്നതിനുള്ള ചിലവിലേക്കെന്നും പറഞ്ഞ് പ്രതിയിൽ നിന്നും 4,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും, തുടർന്ന് പ്രതിയെ ഭീഷണിപ്പെടുത്തി പ്രതിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പ്രതിയുടെ അക്കൗണ്ടിൽ നിന്നും തൈക്കാട് എച്ച്.ഡി.എഫ്.സി എടിഎം കൗണ്ടറിൽ എത്തി 4,000 രൂപ പിൻവലിപ്പിച്ച് പങ്കിട്ടെടുക്കുകയാണുണ്ടായത്. തിരുവനന്തപുരം ദക്ഷിണ മേഖല വിജിലൻസ് യൂണിറ്റ് ഫ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.