കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിനു ഐ എസ് ഒ അംഗീകാരം

കണ്ണൂർ :റീജിയണൽ ഫോറൻസിക് സയൻസ് ലാബിനു നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷന് ലബോറട്ടറീസ് (എൻ എ ബി എൽ ) നൽകുന്ന ഐ എസ് ഒ അംഗീകാരം ലഭിച്ചു. ഫോറൻസിക് അനാലിസിസിലും സർവീസ് ഡെലിവെറിയിലും ഉന്നത നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
ഈ രംഗത്ത് ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ലാബാണ് കണ്ണൂർ ഫോറൻസിക് ലാബ്. 2020 ൽ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബിനു ഐ എസ് ഒ അംഗീകാരം ലഭിച്ചിരുന്നു. രാജ്യാന്തരതലത്തിൽ ഏറെ വിലമതിക്കപ്പെടുന്നതാണ് എൻ എ ബി എൽ അംഗീകാരം. ഇതോടെ ലബോറട്ടറിയുടെ റിപ്പോർട്ടുകൾക്കു അന്തർദേശീയ നിലവാരം ഉണ്ടാകും.