കൊല്ലം /കടയ്ക്കൽ : തെങ്ങിനു മുകളിൽ കുടുങ്ങി തലകീഴായി കിടന്നയാളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി.
ഇട്ടിവ കുന്നുംപുറത്ത് വീട്ടിൽ സുമേഷ് കുമാറാണ് (51) ഒരുമണിക്കൂറോളം തെങ്ങിൽ തലകീഴായി കിടന്നത്.
വീട്ടുപുരയിടത്തിലെ 45 അടിയോളം ഉയരമുള്ള തെങ്ങിൽ തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് തേങ്ങയിടാൻ കയറിയതായിരുന്നു. തേങ്ങയിട്ടശേഷം തിരികെ ഇറങ്ങുമ്പോൾ 30 അടി ഉയരത്തിൽവെച്ച് പിടിവിട്ട് യന്ത്രത്തിൽ തലകീഴായി കുടുങ്ങിയ ഇയാൾ ഉറക്കെ നിലവിളിച്ചു.
നാട്ടുകാരിൽ ഒരാൾ ഏണി ഉപയോഗിച്ച് തെങ്ങിൽ കയറി സാഹസികമായി സുമേഷ്‌കുമാറിനെ താങ്ങിനിർത്തിയെങ്കിലും അധികനേരം ഇത് തുടരാനായില്ല. കടയ്ക്കലിൽനിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥലത്തെത്തി, ഏണിയും വലയും മറ്റും ഉപയോഗിച്ച് മുകളിൽകയറി നാട്ടുകാരുടെ സഹായത്തോടെ സുമേഷിനെ താഴേക്ക് എത്തിക്കുകയായിരുന്നു.