കൊല്ലം : കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ ഭക്ഷ്യധാന്യ ഉല്‍പാദനം 5.02 ലക്ഷം ടണ്‍ മാത്രമാണെന്നും, 2024-25 ല്‍ കേരളത്തിന് ഇതുവരെ 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രി റാംനാഥ് ടാക്കൂര്‍. കേരളത്തിലെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുളള എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യുടെ ചോദ്യത്തിന് ലോകസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കാര്‍ഷിക ഭൂമിയുടെ വിസ്തീര്‍ണ്ണം വര്‍ദ്ധിപ്പിക്കുക, മണ്ണിന്‍റെ ഉല്‍പ്പാദന ക്ഷമത പുനസ്ഥാപിക്കുക, വ്യക്തിഗത കൃഷിയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക സാമ്പത്തിക മേഖല മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നു. വിള വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള സാങ്കേതിക വിദ്യ നല്‍കുക, ഉന്നത ഗുണനിലവാരമുളള പുതിയ ഇനം വിത്തുകളുടെ ഉല്‍പ്പാദനം ഉറപ്പാക്കുക, വിതരണം, കീടനശീകരണം, കര്‍ഷകര്‍ക്കുളള പരിശീലനം തുടങ്ങിയവ ദേശീയ ഭക്ഷ്യ സുരക്ഷാ മിഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്നുണ്ട്. ഓരോ വിഷയങ്ങളിലും വൈദ്ഗദ്ധ്യം തെളിയിച്ച ശാസ്ത്രജ്ഞന്‍മാരുടെ മേല്‍നോട്ടത്തില്‍ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സംസ്ഥാനത്തെ കാര്‍ഷിക സര്‍വ്വകലാശാലകള്‍, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ വിളകളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുളള പ്രത്യേക പരിശീലനം നല്‍കിവരുന്നു. സംസ്ഥാനതല കമ്മിറ്റിയുടെ അനുമതിയോടെ പി.എം.ആര്‍.കെ.വി.വൈ പ്രകാരം സവിശേഷ പദ്ധതികള്‍ നടപ്പാക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് കഴിയും. പ്രധാനമന്ത്രി കൃഷി സഞ്ജയ യോജന പ്രകാരം കൃഷി ഭൂമിയുടെ വികസനത്തിനും സംരക്ഷണത്തിനും വേണ്ടി പ്രത്യേക പദ്ധതിയും നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി അറിയിച്ചു.
Next Post