ന്യൂഡൽഹി: 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്തിന്റെ ഭരണചക്രം ബി ജെ പി തിരിച്ചുപിടിച്ചപ്പോൾ നരേന്ദ്രമോദിയോടൊപ്പം തന്നെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് അരവിന്ദ് കെജരിവാൾ എന്ന ജനകീയ നേതാവിനെ തറപറ്റിച്ച പർവേശ് വർമ.
ഡൽഹി മണ്ഡലത്തിൽ ആം ആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ മൂവായിരത്തോളം വോട്ടിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ബി ജെ പിയുടെ പർവേശ് വെർമ മണ്ഡലം പിടിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനായ സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് വെറും 4568 വോട്ടാണ്.
ഡൽഹി മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായിരുന്ന സാഹിബ് സിങ് വർമയുടെ മകനാണ് 47-കാരനായ പർവേശ് വർമ. എം.ബി.എ. ബിരുദധാരിയായ അദ്ദേഹം 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യിൽ സജീവമാകുന്നത്. 2013-ൽ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ പർവേശ് വർമ അതേവർഷം മെഹ്രൗളി മണ്ഡലത്തിൽനിന്ന് ബി.ജെ.പി. ടിക്കറ്റിലേക്ക് മത്സരിക്കുകയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു. 2014-ൽ ഡൽഹി വെസ്റ്റിൽനിന്ന് അദ്ദേഹം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ ഡൽഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി പർവേശ് വർമ വീണ്ടും വെസ്റ്റ് ഡൽഹിയിൽനിന്ന് എം.പി.യായി.