മണിക്കൂർ വ്യത്യാസത്തിൽ കാട്ടാന ആക്രമണത്തിൽ രണ്ട് ജീവൻ പൊലിഞ്ഞു
മനുവിന്റെ ഭാര്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വനം വകുപ്പിനെതിരെ പ്രതിഷേധം
വയനാട്/ ഇടുക്കി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാട്ടാന ആക്രമണത്തിൽ നഷ്ടപ്പെട്ടത് രണ്ട് ജീവൻ.
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട സോഫിയയുടെ ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നതിനിടയായിരുന്നു വയനാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്.
വയനാട് സുൽത്താൻബത്തേരി നൂൽപ്പുഴയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ യുവാവിന്റെ ജീവനാണ് കാട്ടാനക്കലിയിൽ ഒടുങ്ങിയത് . കാപ്പാട് പണിയ ഉന്നതിയിലെ മനു (45) ആണ് കൊല്ലപ്പെട്ടത്.
ഭാര്യയുമായി കടയിൽ പോയി സാധനം വാങ്ങി മടങ്ങി വരുന്നതിനിടയിൽ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം.
മനുവിന്റെ മൃതദേഹത്തിന് സമീപം ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
കാട്ടാനയുടെ ആക്രമസമയത്ത് കൂടെയുണ്ടായിരുന്ന ഭാര്യയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞദിവസം വീട്ടിലെത്താതിരുന്ന ഇരുവരെയും തേടി ബന്ധുക്കൾ ഇന്നു രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.