ഇടമണ്‍ – ആര്യങ്കാവ് പാതയുടെ അലൈന്‍മെന്‍റിന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു

കൊല്ലം : ദേശീയപാത 744 കൊല്ലം ആര്യങ്കാവ് റോഡ് വികസനത്തില്‍ രണ്ടാം റീച്ച് ഇടമണ്‍ – ആര്യങ്കാവ് പാതയുടെ അലൈന്‍മെന്‍റിന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ന്യു ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയപാത അതോറിറ്റി അലൈന്‍മെന്‍റ് കമ്മിറ്റി യോഗത്തിലാണ് പുതുക്കിയ അലൈന്‍മെന്‍റിന് തത്വത്തില്‍ അനുമതി ലഭിച്ചത്. ദേശീയപാത 744 വികസന പ്രവൃത്തികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കേന്ദ്ര ദേശീയ പാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. 2900 കോടി രൂപയുടെ ബൃഹത്ത് പദ്ധതികളുടെ അലൈന്‍മെന്‍റിനാണ് ദേശീയപാത അതോറിറ്റി തത്വത്തില്‍ അംഗീകാരം നല്‍കിയിക്കുന്നത്. നിലവിലുളള റോഡ് വീതി കൂട്ടുവാനുളള പദ്ധതി നടപ്പാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടും ഭാരത് മാല പദ്ധതിയീല്‍ നിന്ന് മാറി പുതിയ പദ്ധതിയിലേയ്ക്ക് റോഡ് വികസനം ഉള്‍പ്പെടുത്തുന്നതിന്‍റെ കൂടി ഭാഗമായിട്ടാണ് പുതിയ അലൈന്‍മെന്‍റിന് അനുമതി ലഭിച്ചത്. 30 മീറ്റര്‍ വീതില്‍ റോഡ് നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം. നിലവിലെ അലൈന്‍മെന്‍റ് ബ്രൗണ്‍ ഫീല്‍ഡായിരുന്നു. പുതിയ അലൈന്‍മെന്‍റ് പ്രകാരം റോഡ് വികസനം ഗ്രീന്‍ഫീല്‍ഡായിട്ടായിരിക്കും. നിലവിലെ റോഡിന് പകരം പുതിയ റോഡ് എന്നതാണ് പ്രത്യേകത. 9.70 കി.മീ നീളത്തിലുളള 4 ടണലുകള്‍ ഉള്‍പ്പെടെ മല തുരന്ന് പരമാവധി വളവ് കുറച്ച് റോഡ് നിര്‍മ്മിക്കാനാണ് പുതിയ നിര്‍ദ്ദേശം. വനഭൂമിയിലൂളടയുളള റോഡ് വികസനത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി വനവല്ക്കരണത്തിനുളള ബദല്‍ ഭൂമി കണ്ടെത്തുക എന്നതാണ്. നിലവിലെ നിര്‍ദ്ദേശത്തില്‍ വനവല്‍ക്കരണത്തിന് 61 ഹെക്ടര്‍ ഭൂമി വേണ്ടിടത്ത് പുതിയ നിര്‍ദ്ദേശത്തില്‍ ആയതിന്‍റെ അളവ് 28 ഹെക്ടറായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അലൈന്‍മെന്‍റില്‍ ടണല്‍ ഉളളതിനാല്‍ അതിന്‍റെ പ്രത്യേക പരിശോധനയും പി.പി.പി.എ.സി യുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. പദ്ധതിയ്ക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുളള തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചതായും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.