ഇ-സാക്ഷി പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണം : എൻ കെ പ്രേമചന്ദ്രൻ

കൊല്ലം : കേന്ദ്രസര്‍ക്കാര്‍ പുതിയതായി നടപ്പാക്കിയ ഇ-സാക്ഷി പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം എം.പി പ്രാദേശിക വികസനഫണ്ട് സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വന്നിട്ടുള്ള കാലതാമസം ഒഴിവാക്കുവാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. എം.പി പ്രാദേശിക വികസന ഫണ്ടിന്‍റെ അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു എം.പി. പതിനേഴാം ലോക്സഭയുടെ കാലയളവില്‍ എം.പി പ്രാദേശിക വികസന ഫണ്ടിലെ പ്രവൃത്തികള്‍ നടപ്പാക്കുവാന്‍ കഴിഞ്ഞതുപോലെ ലളിതമായ നടപടിക്രമങ്ങളിലൂടെ പരിഷ്കരിച്ച ഇ-സാക്ഷി പോര്‍ട്ടലിലൂടെ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പരിഷ്കരിച്ച പോര്‍ട്ടല്‍ ഉദ്യോഗസ്ഥര്‍ക്കോ എം.പിമാര്‍ക്കോ പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് സൗകര്യപ്രദമായുള്ളതല്ല. ഇ-സാക്ഷി പോര്‍ട്ടല്‍ ഏര്‍പ്പെടുത്തിയെങ്കിലും പിഴവുകള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സങ്കീര്‍ണ്ണമാണ്. ഉദ്യോഗസ്ഥര്‍ ഇ-സാക്ഷി പോര്‍ട്ടലിലൂടെ പ്രവൃത്തികള്‍ നടപ്പാക്കുന്നതില്‍ കൂടുതല്‍ പരിശീലനം നേടേണ്ടിയിരിക്കുന്നു. പോര്‍ട്ടല്‍ ഉദ്യോഗസ്ഥ സൗഹൃദമാക്കി മാറ്റുവാന്‍ സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തിട്ടുള്ളവര്‍ തയ്യാറാകണം. 17-ാം ലോക്സഭയിലെ അവശേഷിക്കുന്ന പ്രവൃത്തികള്‍ മാര്‍ച്ച് 31 ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. 18-ാം ലോക്സഭയിലെ പ്രവൃത്തികളെ സംബന്ധിച്ച് ഇ-സാക്ഷി പോര്‍ട്ടലില്‍ ഉണ്ടായിട്ടുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലും സത്വരമായി പരിഹരിച്ച് മുഴുവന്‍ തുകയ്ക്കും പൂര്‍ണ്ണമായും ഭരണാനുമതി നല്‍കുവാന്‍ തീരുമാനിച്ചു. 17-ാം ലോക്സഭയിലെ പ്രവര്‍ത്തികള്‍ പിഴവായി 18-ാം ലോക്സഭാ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി നല്‍കിയ ബില്‍ തുകകള്‍ തിരിച്ചു 18-ാം ലോക്സഭയിലെ പ്രവൃത്തികള്‍ക്കായി ലഭ്യമാക്കുവാന്‍ സത്വരനടപടി സ്വീകരിക്കുവാന്‍ ധാരണയായി. എം.പി പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് മുതല്‍ നിര്‍വ്വഹണം വരെയുള്ള എല്ലാ നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ദേവിദാസ്. എന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, ജില്ലയിലെ വിവിധ വകുപ്പ് മേധാവികളായ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ബി.ഡി.ഒമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.