നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു യുവതികള്‍ പിടിയില്‍.ചൊവ്വാഴ്ച രാത്രിയോടെ ബാങ്കോക്കില്‍ നിന്നുമാണ് ഇരുവരും വിമാനത്താവളത്തിലെത്തിയത്.
രാജസ്ഥാൻ സ്വദേശികളായ മാൻവി ചൗധരി (25), ഡല്‍ഹി സ്വദേശിനി സ്വാതി ചിബ്ബാർ (24) എന്നിവരാണ് പിടിയിലായത്.
രഹസ‍്യ വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 7.5 കോടി രൂപയോളം വില വരുന്ന ഹ്രൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.
കൊച്ചി വഴി ഉത്തരേന്ത‍്യയിലേക്ക് കടത്താനായിരുന്നു പദ്ധതി. മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നായിരുന്നു ഇരുവരും പൊലീസിനോട് പറഞ്ഞത്. മേക്കപ്പ് സാധനങ്ങളെന്ന വ‍്യാജേന ഇരുവരുടെയും പെട്ടികളില്‍ ഏഴര കിലോയോളം കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്.ഹൈബ്രിഡ്കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളങ്ങളിൽ ലഹരിമരുന്നുകൾ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.