ലഹരി സംഘത്തിന്റെ ആക്രമണം ; മൂന്നു പോലീസ്‌ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

കോട്ടയം: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 3 പോലീസുകാർക്ക് പരിക്കേറ്റു. കോട്ടയം കടപ്ലാമറ്റം വയലായിൽ ആണ് സംഭവം. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ലഹരി സംഘത്തിലെ 6 പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിൽ എടുത്തു.
വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്.
കടപ്ലാമറ്റം വയലായിൽ ഒരു സംഘം ലഹരി ഉപയോഗിച്ച് പ്രദേശത്ത് സംഘർഷം സൃഷ്ടിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് പിടിയിലായവരുടെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിട്ടത്.