കലാലയങ്ങളിലെ ലഹരി വ്യാപനം ഒരുമിച്ച് നീങ്ങാൻ കെ എസ് യു

കൊച്ചി : കലാലയങ്ങളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടിയാല്‍ വിദ്യാര്‍ഥിസംഘടനകളുടെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച്‌ യഥാര്‍ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന പതിവ് അവസാനിപ്പിക്കാന്‍ കെഎസ്‌യു നീക്കം.
കാംപസുകളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടിയാല്‍ അതിനെ വിദ്യാര്‍ഥിരാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്ന രീതി ഏറിവരികയാണ്. രാഷ്ട്രീയവിവാദമുണ്ടാകുന്നതോടെ മയക്കുമരുന്ന് എത്തിച്ചവര്‍ രക്ഷപ്പെടുന്നതാണ് ഇപ്പോഴുള്ള പതിവ്. ഇത് ഒഴിവാക്കും. ലഹരിക്കടിമയായ വിദ്യാര്‍ഥികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ലഹരി എത്തിക്കുന്നവരെ പിടികൂടാനുമുള്ള നടപടികള്‍ക്ക് പിന്തുണ നല്‍കും.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വിദ്യാര്‍ഥിസംഘടനകളെ പുറത്തുനിര്‍ത്തുന്നതും വിശ്വാസത്തിലെടുക്കാത്തതും അംഗീകരിക്കാനാകില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലംകാണില്ലെന്നാണ് സംഘടനാനിലപാട്. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കാംപസ് തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കെഎസ്യു ഒരുവര്‍ഷത്തെ കര്‍മപരിപാടിയും തയ്യാറാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ ലഹരിവിരുദ്ധ സ്‌ക്വാഡുകള്‍ രൂപവത്കരിക്കും. നിയോജകമണ്ഡലംതലത്തിലും ജില്ലാതലത്തിലുമുള്ള സ്‌ക്വാഡുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ലഹരിനിര്‍മാര്‍ജനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും സംഘടനാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മാനസികാരോഗ്യം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് കൗണ്‍സലിങ് നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, എസ്പിസി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി തുടങ്ങിയവ എല്ലാ വിദ്യാലയങ്ങളിലും തുടങ്ങുക, കായികവിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കുക.