തിരുവനന്തപുരം : ബിജെപി കേരളഘടകം സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രസിഡന്റാകാൻ സാധ്യതയുള്ള അരഡസനോളം നേതാക്കളുടെ പേരുകള്‍ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചതായാണ് ലഭ്യമായ വിവരം.
ഞായറാഴ്ച രാവിലെ കോർകമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാനപ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂർണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല.
അതേസമയം നിലവിലെ പ്രസിഡണ്ട് കെ സുരേന്ദ്രൻ തുടരുമെന്ന് സുരേന്ദ്രൻ അനുഭാവികളും, ജനറൽ സെക്രട്ടറി എം ടി രമേഷ് സംസ്ഥാന പ്രസിഡണ്ടായി വരുമെന്ന് പി കെ കൃഷ്ണദാസ് പക്ഷവും പറയുന്നുണ്ട്. എന്നാൽ വനിതാ പ്രാതിനിധ്യമാണ് കേന്ദ്രത്തിന്റെ താല്പര്യമെങ്കിൽ ശോഭാസുരേന്ദ്രന്റെ പേരും പരിഗണിച്ചു കൂടായ്കയില്ല.
ഞായറാഴ്ച നടക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ തിരുവനന്തപുരം ലോക്സഭാ സ്ഥാനാർത്ഥി ആയിരുന്ന മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരും ഉയർന്നുവരുന്നുണ്ട്. ന്യൂയോർക്കിൽ നടക്കുന്ന ഇൻഫർമേഷൻ ടെക്നോളജി സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് രാജീവ് ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് എത്തുന്നത്.