തിരുവനന്തപുരം : ശ്രീകാര്യം പാങ്ങപ്പാറയിൽ എക്സൈസിന്റെ വൻ രാസലഹരി വേട്ട. 24 ഗ്രാം എം ഡി എം എ , 90 എൽ എസ് ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവയുമായി കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ധാർത്ഥ് (27 വയസ്) പിടിയിലായി. പാങ്ങപ്പാറയിൽ വീട് വാടകയ്ക്ക് എടുത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപ്പന നടത്തി വരികയായിരുന്നു പ്രതി.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ പി.ലോറൻസ്, രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്