കൊല്ലം : ചടയമംഗലത്ത് ബാറിലുണ്ടായ സംഘർഷത്തില്‍ കുത്തേറ്റ് സിഐടിയു പ്രവർത്തകൻ മരിച്ചു. കലയം പാട്ടം സുധീഷ്ഭവനില്‍ സുധീഷ് (35) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്തും സിഐടിയു പ്രവർത്തകനുമായ ഷാനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11നാണ് സംഭവം. ചടയമംഗലത്തുള്ള പേള്‍ ബാറിന് സമീപം വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി സുധീഷും സെക്യൂരിറ്റി ജീവനക്കാരനും തമ്മില്‍ തർക്കമുണ്ടായി. ബാറില്‍ പണി നടക്കുന്നതു കൊണ്ട് വാഹനം പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ജിബിൻ പറഞ്ഞു. എന്നാല്‍ സുധീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ബാറിന്റെ കോമ്പൗണ്ടിനുള്ളിൽ
തന്നെ വാഹനം പാർക്ക് ചെയ്തു.
ഇവർ ബാറിനുള്ളില്‍ കയറി തിരിച്ചിറങ്ങിയതിന് ശേഷം സെക്യൂരിറ്റിയുമായി തർക്കമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ജിബിൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുധീഷിനെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ചടയമംഗലത്ത് എൽഡിഎഫിന്റെ നേതൃത്വത്തിൽ രാവിലെ ആറു മണി മുതൽ വൈകിട്ട് അഞ്ചു മണിവരെ ഹർത്താൽ
പ്രഖ്യാപിച്ചിരിക്കുകയാണ്.