പത്തനാപുരം : കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ലഹരി പാർട്ടി നടത്തിയ സംഘം എക്‌സൈസ് പിടിയിൽ.
കഴകൂട്ടം കഠിന കുളം കൊച്ചു കൊടുങ്ങല്ലൂർ പഴഞ്ചിറ മണക്കാട്ട് വീട്ടിൽ വിപിൻ (26) കുളത്തൂർ മണക്കാട് ചിത്തിര നഗർ സരോജിനി നിവാസിൽ വിവേക് (27),കാട്ടാക്കട അശ്വതി ഭവനിൽ കിരൺ(35), വഞ്ചിയൂർ കണ്ണം മൂല കല വിഹാർ നഗർ കൃപസനം വീട്ടിൽ ടെർബിൻ (21) എന്നിവരാണ് പിടിയിലായത്.
മൂന്നാം പ്രതിയായ കിരണിന് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ പത്തനാപുരത്തെ ലോഡ്ജിൽ കൂട്ടുകാരോടൊപ്പം ലഹരി പാർട്ടി നടത്തുന്ന വിവരം അറിഞ്ഞെത്തിയ പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 456 മില്ലിഗ്രാം എം ഡി എം എ, സിറിഞ്ചുകൾ കഞ്ചാവ് എന്നിവ പിടികൂടി.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.
കമ്മീഷണർ സ്‌ക്വാഡ് ഉദ്യോഗസ്ഥന്മാരായ ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ ഡി.എസ് മനോജ് പ്രിവന്റീവ് ഓഫിസർ മനു, റേഞ്ച് ഉദ്യോഗസ്ഥരായ എക്‌സൈസ് ഇൻസ്പെക്ടർ ഡി എസ് ജിഞ്ചു , ഗ്രേഡ് എക്സൈസ് ഇൻസ്പെക്ർ വി എ ഷാജഹാൻ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, വൈ.അനിൽ
സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ബാബു, അഭിജിത്ത്, നിതിൻ ഹരികൃഷ്ണൻ, അരുൺ കുമാർ.സജി ജോൺ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധനയും അറസ്റ്റും