ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടെ ജീവൻ നഷ്ടമായ ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു. ജോയിയുടെ അമ്മ മെൽഗിക്ക് നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടിൽ ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ജോയ് മാലിന്യ മുക്ത നവകേരളത്തിന്റെ രക്തസാക്ഷിയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിന് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജോയിയുടെ ഓർമകൾക്ക് ഉചിതമായ ആദരവ് കേരളം നൽകേണ്ടത് മാലിന്യ പ്രശ്‌നം ഇല്ലാതാക്കിക്കൊണ്ടാകണം. ജോയിയുടെ കുടുംബത്തിന് സംസ്ഥാന ഗവൺമെന്റ് നൽകിയ വാക്ക് പൂർണമായി പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ ആദ്യം അനുവദിച്ചിരുന്നു. റയിൽവേ ഭൂമിയിൽ കരാർ ജോലി ചെയ്തിരുന്നപ്പോഴാണ് ജോയിക്ക് അപകടം സംഭവിച്ചത്. എന്നാൽ ഈ സങ്കേതികതക്കപ്പുറം ധാർമികമായ നിലപാടാണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ചത്. കോർപ്പറേഷൻ പരിധിക്ക് പുറത്ത് വീടു വെച്ചു നൽകുന്നതിനുള്ള അനുമതി തിരുവനന്തപുരം കോർപ്പറേഷനും ഭൂമി വാങ്ങുന്നതിന് കൂടുതൽ തുക ചെലവഴിക്കുന്ന നിനുള്ള പ്രത്യേക അനുമതി ജില്ലാ പഞ്ചായത്തിനും സംസ്ഥാന ഗവൺമെന്റ് പ്രത്യേക ഉത്തരവിലൂടെ അതിവേഗം നൽകി. മകൻ നഷ്ട്ടപ്പെട്ട വേദന ഇല്ലാതാക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴും കുടുംബത്തെ ചേർത്തു പിടിക്കുക എന്ന ധാർമികതയാണ് സംസ്ഥാന ഗവൺമെന്റും കോർപ്പറേഷനും ജില്ലാപഞ്ചായത്തും സംയുക്തമായി സ്വീകരിച്ചത്. നാല് മാസം കൊണ്ട് വീട് നിർമാണം പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് ജോയിയുടെ അമ്മ താമസം മാറുന്നതിനുള്ള നടപടി സ്വീകരിച്ചു.