ഒരേ സിറിഞ്ച് 9 പേർക്ക് എച്ച്ഐവി; ലഹരി ഉപയോഗം സമൂഹത്തിനും ദോഷകരമായി മാറുന്നു.

മലപ്പുറം: ലഹരിസംഘത്തിലുള്ള ഒമ്പതു പേർക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരിയിലെ ലഹരിസംഘത്തിലുള്ളവരുടെ രോഗബാധയാണ് മലപ്പുറം ഡിഎംഒ സ്ഥിരീകരിച്ചത്.

സംഘത്തിലെ മൂന്നുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്.

രണ്ടുമാസം മുമ്പ് എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവർ തുടങ്ങിയവർക്കിടയിലാണ് സ്ക്രീനിംഗ് നടത്തിയത്. ഇതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്ക്രീനിംഗിന്റെ തുടക്കത്തില്‍ വളാഞ്ചേരിയിലെ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളുമായി ബന്ധപ്പെട്ട സംഘങ്ങളെക്കുറിച്ച്‌ അന്വേഷിക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഒമ്പതുപേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍പേരെ ആരോഗ്യവകുപ്പ് സ്ക്രീനിംഗ് നടത്തുകയാണ്. ഇതില്‍ കൂടുതല്‍പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുംപേർക്ക് ഒരുമിച്ച്‌ എച്ച്‌ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.