എൻ സി പി യിൽ പൊട്ടിത്തെറി ; മന്ത്രിക്കും എംഎൽഎയ്ക്കും നോട്ടീസ് അയച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം : മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ എൻസിപി ആരംഭിച്ചു. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ഇരുവർക്കും കാരണംകാണിക്കൽ നോട്ടീസയച്ചു. എൻസിപി സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ് കുട്ടിയാണ് നോട്ടീസയച്ചത്.

എ കെ ശശീന്ദ്രനും തോമസ് കെ തോമസും പാർട്ടിസ്ഥാനാർത്ഥിയായി പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിലാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷത്തോളമായി പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്കും രാഷ്ട്രീയ നിലപാടുകൾക്കും വിരുദ്ധമായാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. എൻസിപിയുടെ ഔദ്യോഗിക നിലപാടുകൾക്കെതിരെ തുടർച്ചയായി പരസ്യപ്രസ്താവന നടത്തുന്നതായി പാർട്ടിയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എൻസിപി യുടെ നിലപാടുകൾക്കെതിരെ നിൽക്കുന്ന എതിർപക്ഷത്തുള്ള പാർട്ടികളുമായി സഹകരിക്കുകയും അവരുടെ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. പാർട്ടിയുടെ എതിർപക്ഷത്തുനിൽക്കുന്ന എൻസിപി എസ് (ശരദ് പവാർ വിഭാഗം) ൽ അംഗത്വം എടുത്തതായി പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഇരു ജനപ്രതിനിധികളും എൻസിപി യുടെ പരിപാടികളിൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പങ്കെടുത്തിട്ടില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അയോഗ്യരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ എൻസിപി ആരംഭിച്ചിട്ടുള്ളത്.

നിയമസഭ ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ അച്ചടക്കലംഘനം നടത്തിയ എ കെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും അയോഗ്യരാക്കാൻ പാർട്ടിക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഇത്തരം നിയമനടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് കിട്ടി ഏഴു ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം നൽകിയില്ലെങ്കിൽ കുറ്റം സമ്മതിച്ചതായി കണക്കാക്കി ഇരുവരേയും അയോഗ്യരാക്കുന്നതിനുള്ള നിയമനടപടി സ്വീകരിക്കുമെന്നും എൻഎ മുഹമ്മദ് കുട്ടി നൽകിയ നോട്ടീസിൽ പറയുന്നു.