കൊച്ചി : അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്.അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.
കൊച്ചി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക.
വിജിലൻസിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ കത്ത് നൽകി ഒരാഴ്ച്ച കഴിഞ്ഞിട്ടും ബന്ധപ്പെട്ട രേഖകൾ നൽകിയിരുന്നില്ല. തുടർന്ന് ജോമോൻ പുത്തൻപുരയ്ക്കലിൽ നിന്ന് വീണ്ടും പരാതി എഴുതി വാങ്ങിയ സിബിഐ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ അപേക്ഷ നൽകി രേഖകൾ കൈപ്പറ്റുകയായിരുന്നു.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
എബ്രഹാം 2015-ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോമോൻ നൽകിയ പരാതി സംസ്ഥാന വിജിലൻസ് നേരത്തെ അന്വേഷിച്ച് തള്ളിയിരുന്നു. തുടർന്ന്
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018-ലാണ് ഹൈകോടതിയിൽ ഹർജി നൽകിയത്.