രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ എൽ.എസ്.ഡി സ്റ്റാമ്പ്,ഹൈബ്രിഡ് കഞ്ചാവ്, വ്യാജമദ്യം എന്നിവ പിടികൂടി

കൊല്ലം : കൊല്ലം നഗരത്തില്‍ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ മയക്ക് മരുന്ന് വേട്ടയിൽ മൂന്നു പേർ അറസ്റ്റിലായി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സി.പി ദിലീപി ന്റെ
നേതൃത്വത്തിൽ മാങ്ങാട് കല്ലും താഴം ഭാഗത്തു നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ്‌, ഹൈബ്രിഡ് കഞ്ചാവ് എന്നിവ ചില്ലറ വില്പനക്കായി  എത്തിച്ചുകൊടുക്കുന്ന  മങ്ങാട് വയലിൽ വീട്ടിൽ അവിനാശ് ശശി (27) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും  89.2 ഗ്രാം എൽ.എസ്.ഡി,20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടി.10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കേസാണിത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജെ.നിർമലൻ തമ്പി, പ്രിവന്റീവ് ഓഫീസർ ജെ.ആർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്അജിത്ത്, എം.ആർ അനീഷ് ,ജൂലിയൻ ക്രൂസ്, ജോജോ, തൻസീർ അസീസ്, അരുൺലാൽ, വനിത സിവിൽ എക്സൈസ് ഓഫീസറായ വർഷ വിവേക് എന്നിവരാണ് മിന്നല്‍ പരിശോധന നടത്തിയത്.

അതേസയം കൊല്ലം നഗരത്തിലെ   പാലത്തറ, വാടി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 42.50 ലിറ്റർ വ്യാജ മദ്യം പിടികൂടി. പാലത്തറ സ്വദേശിയായ അൻസറിനെ വ്യാജമദ്യവും,വില്പന നടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവുമായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ശങ്കറും, വാടി മുദാക്കര സ്വദേശിയായ അരുണിനെ 25 ലിറ്റർ മദ്യവുമായി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. ശ്രീകുമാറുമാണ് പിടികൂടിയത്. ട്രൈഡേയിൽ  വിൽപ്പനയ്ക്കായി   സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്.
നിരന്തരം പരാതികൾ ലഭ്യമായതിനെ തുടർന്ന് ഇവർ കുറെ ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ജ്യോതി, അനീഷ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ് അഹമ്മദ് വനിതാ സിവിൽ എക്സൈസ് ഓഫീസർ രാജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും പരിശോധനായിൽ പങ്കെടുത്തു.