സാലഡിന്റെ പേരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല് 

കൊല്ലം : ബിരിയാണിക്ക് ഒപ്പം സാലഡ് നൽകിയില്ല. വിവാഹ സൽക്കാര സ്ഥലത്ത്  കൂട്ടത്തല്ല്. കൊല്ലം തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം
കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.സംഭവത്തിൽ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.