കൊല്ലം : അവധിക്കാലത്തെ തിരക്കും ദീർഘദൂര യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് ഹൈദരാബാദിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് വിവരം അറിയിച്ചത്.
കൊല്ലം ഹൈദരാബാദ് പാതയിൽ നിലവിലുള്ള ഏക ട്രെയിൻ ആയ ശബരി എക്സ്പ്രസിൽ അനിയന്ത്രിതമായ തിരക്കായതിനാലും ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം ഉള്ളതിനാലും ഈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കൊടികുന്നിൽ സുരേഷ് എംപി കത്ത് നൽകിയിരുന്നു.
ശനിയാഴ്ചകളിൽ ഹൈദരാബാദിൽ നിന്നും രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തിച്ചേരും. തിങ്കളാഴ്ച രാവിലെ 10.45 ന് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5:30ന് ഹൈദരാബാദിൽ തിരികെയെത്തും. ഇരുവശത്തോട്ടുമായി ആറു വീതം സർവീസുകൾ ആയിരിക്കും ഉണ്ടാവുക. 24 കോച്ചുകൾ ഉള്ള ട്രെയിനിൽ രണ്ടു വീതം എസി 2 ടയർ 3 ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ലഭ്യമാണ്.
ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.