മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് ഉപതിരഞ്ഞെടുപ്പ്. ജൂൺ രണ്ടാം തീയതി നാമനിർദ്ദേശപത്രിക സ്വീകരിക്കും. ജൂൺ അഞ്ചാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസരം.
ഇരുപത്തിമൂന്നാം തീയതി ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും.
5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് ജൂൺ 19ന് നടക്കുക.
നിലമ്പൂർ എംഎൽഎ പി വി അൻവർ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് സംജാതമായത്.
എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തുകയും തുടർന്ന് രാജിവയ്ക്കുകയുമായിരുന്നു.
കാലാവധി ഒന്നരവർഷം കൂടി ബാക്കി നിൽക്കെയാണ് അൻവറിന്റെ രാജി. ഡിഎംകെ എന്ന സ്വതന്ത്ര പാർട്ടി രൂപീകരിച്ച അൻവർ തമിഴ്നാട് ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാലിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടാകാത്ത സാഹചര്യത്തിൽ തൃണമോൾ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുമായി ചർച്ച നടത്തി തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ കോർഡിനേറ്ററാണ് പിവി അൻവർ.