കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞു ; പ്രദേശവാസികൾ ആശങ്കയിൽ

കൊല്ലം : അറബിക്കടലിൽ മുങ്ങിയ എം.എസ്.സി – എൽസ 3 എന്ന കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽ 17 എണ്ണം
കൊല്ലം കരുനാഗപ്പള്ളി, ചെറിയഴിക്കൽ, കുഴിത്തറ, ചവറ, ശക്തികുളങ്ങര
തീരത്തടിഞ്ഞു. കണ്ടെയ്നറുകൾ ഭൂരിഭാഗവും തുറന്ന നിലയിലായിരുന്നു. 26 കണ്ടയ്നറുകൾ തീരത്ത് ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം
ആലപ്പുഴ തറയിൽ കടവ് ഭാഗത്തും കണ്ടെയ്നർ കണ്ടെത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളി ചെറിയഴിക്കൽ ഭാഗത്തുനിന്നും അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ശക്തികുളങ്ങരയിൽ നിന്നും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന് കളക്ടർ പറഞ്ഞു.

പ്രദേശത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.തീരത്തടിഞ്ഞ കണ്ടെയ്നറിന്റെ 200 മീറ്റർ ചുറ്റളവിൽ പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ,പോലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ജിയോളജി ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദേശത്ത് എത്തിയിട്ടുണ്ട്.