വയനാട് : ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പകൾ എഴുതിത്തള്ളാത്ത കേന്ദ്രസർക്കാർ തീരുമാനത്തിൽ കേരള ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നത് പരിഗണിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.എം.മനോജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
ദുരിതബാധിതരായ ജനങ്ങളുടെ വായ്പകൾ പലതവണ എഴുതിത്തള്ളിയിട്ടുണ്ടെന്നും അധികാരമില്ലാത്തവരാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഉരുൾപൊട്ടൽ ബാധിച്ച വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട കേസുകൾ കോടതി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ.
വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുന്നതുവരെ, ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ ഇരയായവർക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി നേരത്തെ സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയോട് (എസ്‌എൽബിസി) ആവശ്യപ്പെട്ടിരുന്നു.
ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന 13ാം വകുപ്പ് ദുരന്തനിവാരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പ്രതികരണം.
ബാങ്ക് വായ്പ എഴുതി തള്ളുമോയെന്ന കാര്യത്തിൽ തീരുമാനം സർക്കാർ പറയട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴുള്ള ഉത്തരവിൽ കേന്ദ്ര സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും മറുപടി നൽകണമെന്ന നിർദ്ദേശം നൽകിയിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മറുപടി കേന്ദ്രം ആവശ്യപ്പെട്ട മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.