സിവിൽ സ്റ്റേഷനിൽ കയ്യാങ്കളി  ; അഭിഭാഷകർ നടപടികളിൽ നിന്ന് വിട്ടുനിൽക്കും 

കൊല്ലം:  അഭിഭാഷകനെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് കോടതി നടപടികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘര്‍ഷം ഉണ്ടായത്. അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറില്‍ വന്ന പള്ളിക്കൽ സ്വദേശി സിദ്ധിഖുമയാണ് സംഘർഷമുണ്ടായത് . യുവാവിന്റെ മർദ്ദനത്തിൽ  അഭിഭാഷകനായ ഐ.കെ. കൃഷ്ണകുമാറിന് സരമായ പരിക്കേറ്റിരുന്നു .ഇതിൽ പ്രതിഷേധിച്ചാണ്  കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ബാർ അസോസിയേഷൻ  തീരുമാനം എടുത്തത്.

അതേസമയം അഭിഭാഷകരുടെ മര്‍ദനമേറ്റ പള്ളിക്കല്‍ സ്വദേശി സിദ്ധിഖ്(36) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കടക്കല്‍ സ്വദേശി ഷെമീന (33)യ്ക്കും പരിക്കേറ്റിട്ടുണ്ട്.
കലക്ടറേറ്റ് സമുച്ചയത്തിലെ ഗതാഗതവകുപ്പ് ഓഫീസില്‍ പണം അടക്കാനെത്തിയതായിരുന്നു ഷെമീനയും അവരുടെ ബന്ധുവും ഡ്രൈവറുമായ സിദ്ദീഖും. പണമടച്ച് പുറത്തിറങ്ങിയപ്പോള്‍ തങ്ങളുടെ വാഹനം പുറത്തിറക്കാന്‍ കഴിയാത്തനിലയില്‍ വാഹനം പാര്‍ക്ക് ചെയ്ത അഭിഭാഷകനോട് കാര്‍ മാറ്റിയിടാന്‍ ആവശ്യപെട്ടു. അതിന് തയാറാകാതെ അദ്ദേഹം കോടതിയിലേക്ക് കയറിപോവുകയായിരുന്നെന്ന് സിദ്ദീഖ് പറഞ്ഞു. ആശുപത്രിയില്‍ പോകേണ്ട അത്യാവശ്യമുണ്ടെന്നു പറഞ്ഞിട്ടും അഭിഭാഷകന്‍ ഗൗനിച്ചില്ലെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.