സാമ്പത്തിക തട്ടിപ്പ്;  സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക. രണ്ടാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് മരട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം തുടരാമെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്.

സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനല്‍കിയില്ലെന്ന സിറാജിന്റെ പരാതിയിലാണ് സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.
2022 നവംബര്‍ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോണ്‍ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലും നല്‍കി. ഇതിനൊപ്പം 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപ്പറ്റിയെന്നുമായിരുന്നു സിറാജിന്റെ മൊഴി.