കോഴിക്കോട്: വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യുവമോർച്ച പ്രവർത്തകരും തടയാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി.
തളിയിലെ ജൂബിലി ഹോളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇതിനിടെ ആണ് അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായത് . ഇതേ തുടർന്ന് പൊലീസ് യുവമോർച്ച പ്രവർത്തകരെ കസടിയിലെടുത്തു.
എന്നാൽ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പോലീസിന്റെ സാന്നിധ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ പ്രകാശ് ബാബു പറഞ്ഞു.പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും പൊലീസും തല്ലി. കൊള്ളാൻ മാത്രം പഠിച്ചവരല്ല തങ്ങൾ. പൊലീസുകാർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകും. അടിച്ചുതീർക്കാനാണെങ്കിൽ അടിച്ചുതീർക്കാം. പൊലീസ് വേണ്ട നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും പ്രതിഷേധം അറിയിച്ച് മന്ത്രി വി.ശിവന്‍കുട്ടി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ മന്ത്രിയ്ക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് ബിജെപി നിലപാടെടുത്തിരുന്നു.