തിരുവനന്തപുരത്ത്  സഹോദരൻ സഹോദരിയെ അടിച്ചുകൊന്നതിൽ ദുരൂഹത 

തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശി ഷെഹീനയാണ് (33) കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ഷംഷാദ് സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തലയിലെ വാടക ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.
കൊലചെയ്യപ്പെട്ട ഷെഹീന  മാതാപിതാക്കളെ ഫോൺ വിളിച്ചു സഹോദരൻ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നതായും ഉടൻ തന്നെ ഫ്ലാറ്റിൽ എത്തണമെന്ന് പറയുകയും ചെയ്തു. തുടർന്ന് പ്ലാറ്റിലെത്തിയ മാതാപിതാക്കളാണ്  രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെ കണ്ടത്.
മാതാപിതാക്കൾ പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ മകൻ തടഞ്ഞതായും  മകനും സുഹൃത്തും മദ്യപിച്ച നിലയിൽ ആയിരുന്നുവെന്നും അവർ പറഞ്ഞു.

സഹോദരൻ ഷംഷാദിന്റെ ദന്ത ചികിത്സയുമായി ബന്ധപ്പെട്ടാണ്  മണ്ണന്തലയിൽ ഫ്ലാറ്റ് എടുത്തത്. അതേസമയം ഇവരുടെ സ്വന്തം വീട്ടിൽ നിന്ന്  വളരെ എളുപ്പം എത്താവുന്ന ആശുപത്രിയാണ് പിഎംഎസ് ദന്ത കോളേജ്. പിന്നെ എന്തിനുവേണ്ടിയാണ് മണ്ണന്തലയിൽ  ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത് എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. അതോടൊപ്പം ഷംഷാദിന്റെ കൂടെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന വിശാഖിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.