മൂന്നാർ : അൻപതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതൽ 2025 വരെ സംരക്ഷിത വനമേഖലകളിൽ നടത്തിയ മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരിൽ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
രാജ്യത്തെ 438 സംരക്ഷിത വനമേഖലകളിൽ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്കോർ നേടി ഇരവികുളം ദേശീയോദ്യാനത്തിന് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യനിർണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്കോർ നിർണയിച്ചത്. ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്കോർ നൽകിയത്.