കോന്നി പാറമടയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; ക്വാറി പ്രവർത്തനം അനധികൃതമെന്നും പ്രദേശവാസികൾ

പത്തനംതിട്ട :  പാറമടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ  അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.  മറ്റൊരാൾക്ക് വേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണ്.
പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ പ്രവർത്തിച്ചുവരുന്ന ക്വാറിയിൽ
ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ഒഡീഷ,ബിഹാർ സ്വദേശികളായ അജയ്, മഹാദേവവ് എന്നിവരാണ് പാറക്കിടയിൽ പെട്ടത്. ഹിറ്റാച്ചിയിലെ ഡ്രൈവറും സഹായിയുമായിരുന്നു.ഇതിൽ സഹായിയുടെ മൃതദേഹമാണ് കണ്ടുകിട്ടിയത്.
ഹിറ്റാച്ചി ഉപയോഗിച്ച് മുകളിൽ നിന്ന് പാറ താഴോട്ട് വലിച്ചിടുന്ന സമയത്തായിരുന്നു മുകളിൽ നിന്നും കൂറ്റൻ കരിങ്കൽ പാളി ഇടിഞ്ഞ് ഹിറ്റാച്ചിയുടെ മുകളിലേക്ക് വീണത്.  ഹിറ്റാച്ചിയും പാറക്കടിയിലാണ്.
ഭീമാകരമായ പാറകൾ മാറ്റാതെ ഹിറ്റാച്ചിയിൽ കുടുങ്ങിക്കിടക്കുന്ന  ഓപ്പറേറ്ററെ പുറത്തെടുക്കുക എന്നുള്ളത് സങ്കീർണമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽ മുകളിൽ നിന്ന് പാറക്കഷണങ്ങൾ താഴേക്ക് പതിക്കുന്നത് രക്ഷാദൗത്യം ദുഷ്കരമാക്കുന്നുണ്ട്.

പാറമട അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് രണ്ടു ദിവസം മുമ്പ് പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം സമരം നടത്തിയിരുന്നു.
ഫയർഫോഴ്സ്, എൻടിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരികയാണ്.