ഗതാഗത മന്ത്രിയുടെ വാക്ക് വിശ്വസിച്ചു എത്തിയ യാത്രക്കാർ ദുരിതത്തിൽ 

തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ വാക്ക് വിശ്വസിച്ച് എത്തിയ യാത്രക്കാർ പെരുവഴിയിൽ .
സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ  യാത്രക്കാർ എത്തിയെങ്കിലും  ഭരണപക്ഷ സർവീസ് സംഘടനകൾ ഉൾപ്പെടെയുള്ള പണിമുടക്ക് അനുകൂലികൾ ബസിനു മുന്നിൽ കൊടികുത്തിയതോടെ ജോലിക്ക് തയ്യാറായി എത്തിയ ജീവനക്കാരും യാത്രക്കാരും ദുരിതത്തിലായി.
ജോലിക്കായി എത്തിയ ജീവനക്കാരെ കരിങ്കാലികൾ എന്ന് വിളിച്ചുകൊണ്ടാണ് സമരാനുകൂലികൾ നേരിട്ടത്. 
തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു.പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ഒരു വിഭാഗം ജീവനക്കാർ അറിയിച്ചു.
പത്തനംതിട്ടയിൽ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ  ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ വാഹനം അടൂരിൽ സമരാനുകൂലികൾ തടഞ്ഞു.
ഇതോടെ മന്ത്രിയുടെ വാക്ക് വിശ്വസിച്ച് എത്തിയ യാത്രക്കാർ പെരുവഴിയിലായി.

രാജ്യത്ത് ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്ക് കെഎസ്ആർടിസിയെ ബാധിക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെഎസ്ആർടിസി സർവീസ് നടത്തുമെന്നും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ആരും നോട്ടീസ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.