കണ്ണൂർ : എസ്എഫ്ഐ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തിനിടയിൽ പാചക തൊഴിലാളിയ്ക്ക് നേരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ അതിക്രമം. സ്കൂളിലെ പാചക തൊഴിലാളി വസന്തക്കാണ് വനിതാ നേതാവിന്റെ അതിക്രമത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അക്ഷയ മനോജിനെതിരെ കേസെടുത്തു. കണ്ണൂരിലാണ് സംഭവം.
സ്കൂളിൽ കുട്ടികൾക്കായുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഭക്ഷണം പാചകം ചെയ്യുന്ന മുറിയിൽ കടന്നുവന്ന എസ്എഫ്ഐ നേതാക്കളും ഡിവൈഎഫ്ഐ നേതാക്കളും ജോലി നിർത്തണമെന്ന് ആവശ്യപ്പെട്ടു. പ്രധാന അധ്യാപകനോട് സംസാരിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതയായ സ്കൂളിലെ മുൻ വിദ്യാർഥിയും ഡിവൈഎഫ്ഐ നേതാവുമായ അക്ഷയ മനോജ് അസഭ്യവർഷം നടത്തുകയും വസന്തയുടെ കയ്യിലിരുന്ന 10 കിലോയോളം വരുന്ന അരിയും അടുപ്പിൽ കിടന്ന ചൂട് വെള്ളവും തട്ടിത്തെറിപ്പിച്ചു. ചൂടുവെള്ളം തെറിച്ചു വീണാണ് പാചക തൊഴിലാളി വസന്തക്ക് പരിക്കേറ്റത്. അതേസമയം മറ്റു നേതാക്കൾ മാന്യമായ രീതിയിൽ ആയിരുന്നു പെരുമാറിയതൊന്നും വസന്ത പറഞ്ഞു.
തുടർന്ന് വസന്തയും സ്കൂൾ അധികൃതരും പോലീസ് സ്റ്റേഷനിൽ
പരാതി നൽകിയതിനെ തുടർന്നാണ് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തത്.