സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനം നടപ്പിലാക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി. ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റ് പി ആർ ചേംബറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2025 മെയ് 31 ലെ സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് 1 മുതൽ 4 വരെ 198 പ്രവൃത്തി ദിനങ്ങൾ, ക്ലാസ് 5 മുതൽ 7 വരെ 200 പ്രവർത്തിദിനങ്ങൾ, ക്ലാസ്സ് 8 മുതൽ 10 വരെ 204 പ്രവർത്തിദിനങ്ങൾ എന്നിങ്ങനെയാണ് 2025-26 വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽ.പി വിഭാഗം സ്‌കൂളുകൾക്ക് അധിക പ്രവർത്തിദിനം ഇല്ലാതെയും യു.പി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട് ശനിയാഴ്ചകൾ ഉൾപ്പെടുത്തി കൊണ്ടും ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകൾക്ക് 6 ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിന് ആയിരത്തി ഒരുന്നൂറ് ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള നൂറ്റി അറുപത്തിയാറ് പ്രവർത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനുട്ടും അധിക പ്രവർത്തിസമയം ഉൾപ്പെടുത്തി പീരീഡ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ശേഷം 4.15 വരെ യാണ് ഹൈസ്‌കൂൾ വിഭാഗം പുതുക്കിയ സമയക്രമം.
സിഎംഎസ്, കെ.പി.എസ്.എം.എ., എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ മദ്രസാ ബോർഡ് മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റി,എൽ.എം.എസ്. ,എസ്.എൻ. ട്രസ്റ്റ് സ്‌കൂൾസ്, എസ്.എൻ.ഡി.പി. യോഗം സ്‌കൂൾസ്, കേരള എയിഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ, സമസ്ത ഇ.കെ. വിഭാഗം, എ.പി. വിഭാഗം, എൻ എസ് എസ് എന്നീ വിഭാഗങ്ങളാണ് സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തതെന്നും മന്ത്രി അറിയിച്ചു.