കൊച്ചി: വിവാഹ വാഗ്ദാനം നൽകി റാപ്പർ വേടൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവ ഡോക്ടർ. കോട്ടയം സ്വദേശിനിയായ ഡോക്ടർ ആണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രിയാണ് പരാതി ലഭിക്കുന്നത്.തുടർന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തി.
2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവാഹവാഗ്‌ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിൽ വേടനെതിരെ 376 (2) (n) വകുപ്പനുസരിച്ച് കേസ് എടുത്തിട്ടുണ്ട്. ഉടനെത്തന്നെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വേടനെ വിളിപ്പിക്കും.
ഒന്നിലേറെ തവണ ബലാൽസംഗം ചെയ്തെന്ന കേസാണ് വേടനെതിരെ എടുത്തിരിക്കുന്നത്.
തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്റെ മാനസികനില തകരാൻ ഇടയാക്കിയെന്നും, ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് പറഞ്ഞു.
അതേസമയം ഗൂഢ ഉദ്ദേശലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്ന് വേടൻ പ്രതികരിച്ചു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഹിരൻദാസ് മുരളി പറഞ്ഞു.