തൃശ്ശൂർ: തൃശ്ശൂരിൽ ഗവൺമെന്റ് സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. 2023 ൽ ജിപ്സം സീലിങ് നടത്തിയ കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. കനത്ത മഴയെ തുടർന്ന് കളക്ടർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.
54 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് ഈ ഹാളിലെ സീലിങ്. ഇന്ന് പുലർച്ചെയാണ് സീലിങ് ഒട്ടാകെ താഴേക്ക് പതിച്ചത്. രണ്ട് മാസങ്ങൾക്ക് മുൻപ് മഴ പെയ്ത് സീലിങ് കുതിർന്നപ്പോൾ രക്ഷകർത്താക്കളും പ്രദേശവാസികളും പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇത് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് സ്കൂൾ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ അറിയിച്ചു .