തിരുവനന്തപുരം : എഡിജിപി അജിത് കുമാറിന് ഇന്ന് നിർണായകദിനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആർ അജിത്കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതില്‍ വിജിലൻസ് കോടതി ഇന്ന് തീരുമാനമെടുക്കും. നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ നൽകിയ ഹർജിയിലാണ് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഉത്തരവ് പറയുക. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഒറിജിനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഉൾപ്പെടെയുളള രേഖകൾ കോടതി വിളിച്ചുവരുത്തിയിരുന്നു.
അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി അൻവർ എംഎൽഎ
പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ ഡിജിപി സർക്കാരിന്റെ അനുമതിയോടെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം അന്വേഷണത്തിൽ ഗുരുതര പിഴവുകളുണ്ടായെന്നും എഡിജിപിയുടെ സ്വത്ത് വിവര കണക്കുകൾ പോലും അന്വേഷിച്ചില്ല എന്നുമാണ് പരാതിക്കാരനായ നെയ്യാറ്റിൻകര സ്വദേശി കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.