കാണാതായ യുവതിയെ പൊട്ടകിണറ്റിൽ കണ്ടെത്തി

കൊട്ടാരക്കര: കാണാതായ വീട്ടമ്മയെ പൊട്ടകിണറ്റിൽ കണ്ടെത്തി.
കൊട്ടാരക്കര ഉഗ്രൻകുന്ന് ശിവവിലാസം വീട്ടിൽ യമുന(54)യെ ആണ് ഉഗ്രൻകുന്നിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്.12 മണിക്കൂറിലധികം കിണറ്റിൽ കഴിച്ചു കൂട്ടിയ വീട്ടമ്മയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.മരുന്നുണ്ടാക്കാനുള്ള പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോൾ ആണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. നിലവിളിച്ചെങ്കിലും ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ ആരും കേട്ടില്ല.

കുടുംബം നടത്തിയ തെരച്ചിലിൽ പൊട്ടക്കിണറ്റിന് സമീപം യമുന സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തിയതാണ് നിർണായകമായത്.
വിശദമായ പരിശോധനയിൽ രാത്രി 11 മണിയോടെ കിണറ്റിനുള്ളിൽ യമുനയെ കണ്ടെത്തുകയായിരുന്നു.
ഫയർഫോഴ്‌സ് എത്തി രാത്രി 12 മണിയോടെ യമുനയെ കരയ്ക്ക് എത്തിച്ച് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ യമുനയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ദിലീപ് കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിരുന്നു.