മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് ജില്ലയിൽനിന്ന് നാല് ഉദ്യോഗസ്ഥർ അർഹരായി

കൊല്ലം : വിശിഷ്ട സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് ജില്ലയിൽനിന്ന് നാല് ഉദ്യോഗസ്ഥർ അർഹരായി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സി.പി ദിലീപ് , സിവിൽ എക്സൈസ് ഓഫീസർമാരായ ബി എസ് അജിത് , എം ആർ അനീഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി.ഗംഗ എന്നിവരാണ് മുഖ്യമന്ത്രിയുടെ ഈ വർഷത്തെ എക്സൈസ് മെഡലിന് അർഹരായവർ. കഴിഞ്ഞ ഒരു വർഷത്തിൽ സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ മേജർ മയക്കുമരുന്ന് കേസുകൾ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെടുത്തിരുന്നു. 200 കിലോയിൽ അധികം കഞ്ചാവ്, കഞ്ചാവ് തോട്ടങ്ങൾ, അരക്കിലോയിലധികം എംഡിഎംഎ, എൽ എസ് ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ , ബ്രൗൺഷുഗർ, ഹെറോയിൻ തുടങ്ങി വലിയ അളവിലുള്ള മയക്കു മരുന്ന് കേസുകൾ കണ്ടുപിടിച്ച് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിപണനക്കാരെയും പിടികൂടിയതിനാണ് ഈ അംഗീകാരം തേടിയെത്തിയത്. സ്പെഷ്യൽ സ്ക്യാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ് ഷിജു വിന്റെ നേതൃത്വത്തിലാണ് സ്പെഷ്യൽ സ്‌ക്വാഡ് ഇത്രയധികം കേസുകൾ പിടികൂടിയത്..