കൊല്ലത്ത് എക്സൈസ് 205 പവൻ സ്വർണം പിടികൂടി

കൊല്ലം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 205 പവനോളം സ്വർണവും 11 ലിറ്റർ അന്യസംസ്ഥാന മദ്യവും പിടിച്ചെടുത്തു. കൊല്ലം കാവനാട് കപ്പിത്താൻ ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് അന്തർസംസ്ഥാന ബസുകളിലെ യാത്രക്കാരിൽ നിന്ന് ഇവ പിടികൂടിയത്.
​കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കൃഷ് ടൂർസ് ആൻഡ് ട്രാവെൽസ് എന്ന ബസ്സിലെ യാത്രക്കാരനായ തൃശൂർ നെന്മേനി സ്വദേശി ഹരിദാസൻ എന്നയാളിൽ നിന്നാണ് രേഖകളില്ലാത്ത 1641.61 ഗ്രാം സ്വർണം (205.2 പവൻ) കണ്ടെടുത്തത്. സ്വർണവുമായി ഇയാളെ തുടർനടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറി.
​മറ്റൊരു ബസ്സായ എ വൻ ട്രാവെൽസി -ലെ യാത്രക്കാരനായ കണ്ണൂർ ഇരിട്ടി താലൂക്ക് മുഴുക്കുന്ന് ഗ്രാമം സ്വദേശി അഭിഷേക് എന്നയാളിൽ നിന്ന് കേരളത്തിൽ വിൽക്കാനനുമതിയില്ലാത്ത 11 ലിറ്റർ അന്യസംസ്ഥാന മദ്യവും പിടികൂടി.
​കൊല്ലം സർക്കിൾ പാർട്ടി, റേഞ്ച് പാർട്ടി, ഡോഗ് സ്ക്വാഡ് എന്നിവർ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ രജിത്ത് ആർ, പ്രിവൻ്റീവ് ഓഫീസർ എസ്.ആർ. ഷെറിൻ രാജ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്യാം കുമാർ, ഗോകുൽ, ഷെഫീഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രീസ, ഡ്രൈവർ വിശ്വനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.