വിജയ്‌യെ പാളയത്തിലെത്തിക്കാൻ അണ്ണാ ഡി.എം.കെ-ഡി.എം.കെ പോര്; എൻ.ഡി.എയിലേക്ക് ക്ഷണിക്കാൻ കേന്ദ്രമന്ത്രി മുരളീധർ മോഹോളിൽ നേരിട്ടെത്തി
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌യെ സ്വന്തം പാളയത്തിലെത്തിക്കാൻ ഭരണകക്ഷിയായ ഡി.എം.കെയും പ്രധാന പ്രതിപക്ഷമായ അണ്ണാ ഡി.എം.കെയും (എ.ഐ.എ.ഡി.എം.കെ) കടുത്ത രാഷ്ട്രീയ പോരാട്ടത്തിലാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമി (ഇ.പി.എസ്) വിജയ്‌യുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ എൻ.ഡി.എ സഖ്യത്തിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. സഖ്യവാഗ്ദാനം തള്ളാതിരുന്ന വിജയ്, പൊങ്കൽ (ജനുവരി 14ന് ശേഷം) കഴിഞ്ഞ ശേഷം തീരുമാനം അറിയിക്കാമെന്ന് ഇ.പി.എസിനെ അറിയിച്ചു. അതേസമയം, തമിഴ്‌നാടിന്റെ തിരഞ്ഞെടുപ്പ് സഹചുമതലയുള്ള കേന്ദ്രമന്ത്രി മുരളീധർ മോഹോളിനെ ബി.ജെ.പി ചർച്ചയ്ക്കായി നിയോഗിക്കുകയും, കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം ചെന്നൈയിൽ രഹസ്യ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കുകയും ചെയ്തെങ്കിലും സംസ്ഥാന ഇന്റലിജൻസ് നീക്കം മണത്തറിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. നേരത്തെ സഖ്യചർച്ചകൾ പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി പദം വേണമെന്ന ടി.വി.കെയുടെ ആവശ്യം അണ്ണാ ഡി.എം.കെ തള്ളിയിരുന്നു. കരൂർ സംഭവത്തിൽ വിജയ്‌ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് നടക്കുകയോ ചെയ്യാത്തതിന് പിന്നിൽ, വിജയ്‌യെ മുന്നണിയിൽ എത്തിക്കാനുള്ള ഡി.എം.കെയുടെ സൗഹൃദ നീക്കങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിൽ നിർത്തിവച്ച പ്രചാരണ പരിപാടികൾ പൊങ്കലിന് മുമ്പ് അവസാനിപ്പിക്കാനാണ് ടി.വി.കെ.യുടെ ആലോചന.