കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തുടരാമെന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലാണ് ഈ നിർണായകമായ പരാമർശം. കമ്മീഷന്റെ പ്രവർത്തനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ അപ്പീൽ അനുവദിച്ചത്. 1950-ലെ ഉടമ്പടി പ്രകാരം മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും, ഇത് ദൈവത്തിനുവേണ്ടി സ്ഥിരമായി സമർപ്പിച്ച ഭൂമിയല്ലെന്നും കോടതി വ്യക്തമാക്കി. ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് നൽകിയത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള താത്കാലിക ദാനം മാത്രമാണ്. 1954, 1984, 1995 വഖഫ് നിയമങ്ങൾ അനുസരിച്ച് സ്ഥിര സമർപ്പണമല്ലാത്ത താത്കാലിക ദാനത്തെ വഖഫായി കണക്കാക്കാനാവില്ലെന്നും, വിദ്യാഭ്യാസ ആവശ്യത്തിന് നൽകിയ ഭൂമി കോളേജ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും കോടതി കൂട്ടിച്ചേർത്തു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയതോടെ ജുഡീഷ്യൽ കമ്മീഷന് അന്വേഷണവുമായി മുന്നോട്ട് പോകാനും, കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാനും സാധിക്കും.